Monday, May 24, 2010

ഏറ്റുമുട്ടി, രക്തസാക്ഷിയായി


കൊച്ചി: സഹപ്രവര്‍ത്തകരുമായി ഏറ്റുമുട്ടി ഒടുവില്‍ തിലകന്‍ താരസംഘടനയില്‍ നിന്നു പുറത്തേയ്ക്കു പോവുകയാണ്.

ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് തിലകന്‍ നടത്തിയ പരസ്യപ്രസ്താവനകളും വിമര്‍ശനങ്ങളുമാണ് അദ്ദേഹത്തിന്റെ പുറത്താകലിന് വഴിവച്ചിരിക്കുന്നത്.

സംഹാരരുദ്രനായ തിലകന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഫെഫ്ക, അമ്മ എന്നീ സംഘടനകളെവരെ അതിനിശിതമായി വിമര്‍ശിച്ചു.

ഫെഫ്കയുടെ ബദ്ധശത്രുവായ വിനയന്‍ സംവിധാനം ചെയ്ത 'യക്ഷിയും ഞാനും’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് തിലകന്‍ പുലിവാലുപിടിച്ചത്. ഇതോടെ കാള്‍ ഷീറ്റു വാങ്ങിയിട്ടും ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്ന് തിലകനെ ഒഴിവാക്കി. ജനുവരി 29 നായിരുന്നു ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം.

തൊഴില്‍ ചെയ്യുന്നതില്‍നിന്ന് തന്നെ ഫെഫ്ക വിലക്കുകയായിരുന്നുവെന്നും
ഇതിനെതിരെ അമ്മ പ്രതികരിച്ചില്ലെന്നും തിലകന്‍ ആരോപിച്ചു. ചില സൂപ്പര്‍ താരങ്ങളും ഫെഫ്കയ്ക്ക്് ഒത്താശ നല്‍കുന്നുവെന്നും തിലകന്‍ ആരോപിച്ചു.

സൂപ്പര്‍ താരങ്ങള്‍ എന്നതുകൊണ്ട് മമ്മൂട്ടിയെയാണ് പ്രധാനമായും ഉദ്ദേശിച്ചതെന്ന് വൈകാതെ വ്യക്തമായി. അദ്ദേഹത്തെ പേരെടുത്തും പരോക്ഷമായും വിമര്‍ശിച്ചു. ഇതോടെയാണ് അമ്മ ശക്തമായി രംഗത്തുവന്നത്.

അമ്മയ്‌ക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ് പ്രധാനമായും സംഘടന ഉയര്‍ത്തിക്കാട്ടിയത്. പക്ഷേ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ മനസ്‌സുകൊണ്ട് തിലകനെതിരായ നിലപാടെടുത്തിരുന്നു. മൂവരെയും പലപ്പോഴായി തിലകന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

സംഘടനയെ വിമര്‍ശിച്ചതിന് മാപ്പു പറയാതെ തിലകനെ അഭിനയിപ്പിക്കില്ലെന്ന് ഫെഫ്കയും പ്രഖ്യാപിച്ചു. ഇതിനിടെ വിവാദങ്ങള്‍ കാരണം 'ഡാം 999’ എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ നിന്നു തിലകനെ ഒഴിവാക്കി. ഇതോടെ തിലകന്‍ കൂടുതല്‍ ക്രുദ്ധനായി. തിലകന്റെ സഹായത്തിന് മാക്ടയും സുകുമാര്‍ അഴിക്കോടിനെപ്പോലുള്ളവരും അണിനിരന്നതോടെ പോരു കൊഴുത്തു.

സംഘടനാവിരുദ്ധ നടപടികള്‍ നടത്തിയതിനും സഹപ്രവര്‍ത്തകരെ ആക്ഷേപിച്ചതിനും വിശദീകരണം നല്‍കാന്‍ തിലകനോട് അമ്മ ആവശ്യപ്പെട്ടു. അച്ചടക്ക സമിതിക്ക് വിശദീകരണം നല്‍കാന്‍ രണ്ട് അവസരം നല്‍കിയിട്ടും തിലകന്‍ നേരിട്ട് ഹാജരായില്ല. പിന്നീടാണ് അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്് ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ കത്ത് നല്‍കിയതും യോഗത്തില്‍ തിലകന്‍ പങ്കെടുത്തതും. പക്ഷേ, തിലകന്‍ മുന്‍നിലപാടില്‍ ഉറച്ചുനിന്നതോടെ പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites