Wednesday, April 21, 2010

ഒളിക്യാമറകള്‍ കുട്ടികള്‍ക്ക് പിന്നാലെ - Child Pornography

അശ്ലീലചിത്രങ്ങളുടെ പ്രചരണം ലോകത്ത്‌ പുതിയ സംഭവമല്ല. വലിയ മാഫിയാ സംഘങ്ങള്‍തന്നെ ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്‌. ഇപ്പോഴിതാ പുതിയ വാര്‍ത്ത. കോടികളുടെ ലാഭം കൊയ്യുന്ന ഒരു വന്‍ വ്യാപാരം അരങ്ങുതകര്‍ക്കുന്നു. കുട്ടികളുടെ നഗ്‌നതയാണ്‌ ഇവിടെ വില്‌പനച്ചരക്ക്‌.
ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയെ (ദുരു)ഉപയോഗപ്പെടുത്തി തഴച്ചുവളരുന്ന വമ്പന്‍ കച്ചവടമാണിത്‌. കുട്ടികളുടെ അശ്ലീലഫോട്ടോകളും വീഡിയോ ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ കോടിക്കണക്കിന്‌ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ വന്‍ മാഫിയ സംഘങ്ങള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു. കച്ചവടത്തിനായി വന്‍ പദ്ധതികളാണ്‌ അവര്‍ ആവിഷ്‌കരിക്കുന്നത്‌.

അടുത്തിടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‌ കാലിഫോര്‍ണിയയില്‍ അറസ്‌റ്റിലായ ഡാന്റല്‍ ഹില്ലിന്റെ പക്കല്‍നിന്നു ലഭിച്ച തെളിവുകള്‍ വെളിപ്പെടുത്തുന്നത്‌ നഗ്‌നതാക്കച്ചവടത്തിന്റെ വിപുല ലോകത്തെയാണ്‌. നൂറുകണക്കിന്‌ അശ്ലീലചിത്രങ്ങളും അനേകം വീഡിയോകളും ഇയാളുടെ പക്കലുണ്ടായിരുന്നു. നഗ്‌നതാപ്രദര്‍ശനത്തിന്‌ കുട്ടികളെ പ്രേരിപ്പിച്ച്‌ ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ തൊഴില്‍. ഇതിനുപിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങളിലെല്ലാം കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.ചൈല്‍ഡ്‌ പോണോഗ്രഫി എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ പ്രവണത ഇന്റര്‍നെറ്റ്‌ ഉപഭോക്‌താക്കളെ വന്‍തോതി സ്വാധീനിക്കുകയാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെ പരസ്യപ്രചരണമെന്നാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്ക്‌ നിയമപരമായി നല്‍കിയിരിക്കുന്ന നിര്‍വചനം. ഇത്തരത്തില്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ ലോകത്ത്‌ ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല എന്നതും അത്‌ഭുതാവഹമാണ്‌. ചൈല്‍ഡ്‌ പോണോഗ്രാഫിയില്‍ കൂടുതല്‍ കണ്ടുവരുന്നത്‌ 12 വയസില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ്‌. ഇതിന്റെ വന്‍തോതിലുള്ള പ്രചരണം സമൂഹത്തിന്റെ മാനസികാവസ്‌ഥയെത്തന്നെ മാറ്റിമറിക്കുമെന്ന്‌ കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ ചൈല്‍ഡ്‌ എക്‌സ്‌പ്ലോയിന്റേഷന്‍ ആന്‍റ്‌ ഓണ്‍ലൈന്‍ പ്രൊട്ടക്‌ഷന്‍ സെന്റര്‍ സി ഇ ഒ ജിം ഗ്യാംബിള്‍ പറയുന്നു. ലോകത്ത്‌ അറിയപ്പെടുന്ന വമ്പന്‍ വ്യാപാരികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫി വ്യാപകമാക്കുന്നതിന്‌ പിന്നില്‍. മള്‍ട്ടിമില്യണ്‍ ബിസിനസായി ഇത്‌ രൂപാന്തരം പ്രാപിച്ചതിനു പിന്നില്‍ വന്‍ ലാഭക്കൊതിയാണുള്ളതെന്നും ജിം പറയുന്നു.





ചൈല്‍ഡ്‌ പോണോഗ്രഫി ടൂറിസത്തിന്റെ ശാഖയായി വളരുന്നു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്‌തുത. കേരളംപോലെ ലോകത്തെ ടൂറിസത്തിനു വന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്കാര്‍ വന്‍ ലാഭക്കൊയ്‌ത്തിന്‌ ലക്ഷ്യമിടുന്നത്‌. ഇന്ത്യ, തായ്‌ലന്റ്‌, തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കുട്ടികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിയില്‍ ബലിയാടുകളാകുന്നതില്‍ അധികവും. ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്ന അശ്ലീലസൈറ്റുകളെ നിയന്ത്രിക്കാന്‍ മൂന്നാംലോക രാജ്യങ്ങളില്‍ അനുയോജ്യമായ നിയമങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തില്‍ അതിരുകളില്ലാത്ത ഇന്റര്‍നെറ്റ്‌ സാധ്യതയെ ഉപയോഗപ്പെടുത്തി അശ്ലീല തരംഗം സൃഷ്‌ടിക്കുന്ന `മനോവൈകൃതം' വ്യാപകമാക്കപ്പെടും.


അടുത്തിടെ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ അശ്ലീല സൈറ്റുകളുടെ നിരോധനത്തെ സംബന്‌ധിച്ച്‌ നടത്തിയ പ്രസ്‌താവന ഇതിനോട്‌ കൂട്ടി വായിക്കപ്പെടാവുന്നതാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നതയെ ചൂഷണംചെയ്‌ത്‌ ലാഭക്കൊയ്‌ത്ത്‌ നടത്തുന്ന ആഗോള വ്യാപാരഭീമന്‍മാര്‍ നിയമം കൈയിലെടുത്ത്‌ പന്താടുന്നത്‌ നോക്കിനില്‍ക്കാനേ ഭരണകര്‍ത്താക്കള്‍ക്ക്‌ കഴിയുന്നുള്ളൂ. കുട്ടികളുടെ വ്യക്‌തി വികാസത്തെയും ആത്‌മവിശ്വാസത്തേയും തകര്‍ത്തെറിയുകയും സമൂഹത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ചൈല്‍ഡ്‌ പോണോഗ്രാഫി കച്ചവടക്കാര്‍ക്കെതിരെ ലോക വ്യാപകമായ നടപടികള്‍ ഉണ്ടാകണമെന്ന്‌ ആവശ്യമുയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites