This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, April 22, 2010

Wednesday, April 21, 2010

ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍

കുളിക്കാന്‍ സോപ്പു മാറുന്നതുപോലെയാണ്‌ അമേരിക്കയില്‍ വിവാഹമോചനം... അവിടെ അതിലും അതിലപ്പുറവും നടക്കും... എന്നു പറഞ്ഞ്‌ മലയാളികള്‍ അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്‌ വലിയ പുതുമയല്ലാത്ത കാര്യമായി തീര്‍ന്നിരിക്കുന്നു കൊച്ചു കേരളത്തിലും, അതും വിവാഹത്തിനുശേഷം ആറുമാസത്തിനുള്ളില്‍ തന്നെ, വളരെ ആഘോഷപൂര്‍വം മാധ്യമങ്ങള്‍ കൊണ്ടാടിയ താരവിവാഹത്തിന്‌ ആയുസ്സ്‌ മൂന്നുമാസമായിരുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്‌തതയിലും മുന്നില്‍നില്‌ക്കുന്ന നമ്മുടെ യുവത്വത്തിന്‌ വിവാഹജീവിതത്തില്‍ എവിടെയാണ്‌ കാലിടറുന്നത്‌...

ആരാണ്‌ അവരുടെ ജീവിതത്തില്‍ വില്ലന്മാരാകുന്നത്‌...?

മുമ്പ്‌ എല്ലാവരും പറഞ്ഞിരുന്ന അമ്മായിയമ്മയാണോ പ്രധാന പ്രശ്‌നക്കാര്‍.

മധ്യകേരളത്തിലെ ഒരു കുടുംബത്തില്‍ നടന്ന സംഭവം, ഇവിടെ പ്രശ്‌നക്കാരി ഭര്‍ത്താവിന്റെ അമ്മയാണ്‌. അച്‌ഛനും മകനും ബിസിനസുകാര്‍, ഏക മകന്‍. ഭാര്യയായി വന്ന പെണ്‍കുട്ടിയും നല്ല ധനശേഷിയുള്ള വീട്ടിലെയും, സുന്ദരിയുമാണ്‌. ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് പക്ഷേ മരുമകളെ ഇഷ്‌ടമേയല്ല. എപ്പോഴും പുറകേ നടന്ന്‌ നിയന്ത്രണങ്ങളാണ്‌. 'വീടിനകത്തെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പാടില്ല, മകന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. മകനും ഭാര്യയും മുറിക്കകത്ത്‌ കയറി കതകടച്ച്‌ സംസാരിക്കുന്നത്‌ ഇഷ്‌ടമല്ല... എപ്പോഴും എല്ലാത്തിനും നോ ആയപ്പോള്‍ പെണ്‍കുട്ടി മടുത്തു. മകനാണെങ്കില്‍ നിസ്സഹായനാണ്‌.

ഭാര്യയുടെ കൂടെ നില്‌ക്കാനും വയ്യ, അമ്മയെ ധിക്കരിക്കാനും വയ്യ. വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷമാകുന്നതിനു മുമ്പേ പെണ്‍കുട്ടി സ്വന്തം വീട്ടിലാണ്‌. വീട്ടില്‍നിന്നു മാറി താമസിക്കാന്‍ മകന്‍ തയാറുമല്ല... ഇനി ആ വീട്ടിലേക്ക്‌ പോകാന്‍ തയാറല്ല എന്ന നിലപാടിലാണ്‌ മരുമകള്‍.

മരുമകളോട്‌ കാണിക്കുന്നത്‌ അനീതിയാണെന്ന്‌ ഭര്‍ത്താവ്‌ പറഞ്ഞിട്ടും അമ്മയ്‌ക്ക് കുലുക്കമൊന്നുമില്ല.

വിവാഹമോചനത്തിന്‌ സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ഇത്‌ വ്യാപകമാണ്‌. ആദ്യത്തെ കേസില്‍ അമ്മായിയമ്മയാണ്‌ വില്ലത്തിയായതെങ്കില്‍, സ്വയം പ്രശ്‌നക്കാരാകുന്ന ദമ്പതിമാരും കൂടുതലാണ്‌. ഇരുപത്തിയെട്ടുവയസുള്ള ഐ.ടി. കണ്‍സള്‍ട്ടന്റായ യുവാവ്‌. ഭാര്യയാകട്ടെ അഗ്രികള്‍ച്ചറില്‍ പി.എച്ച്‌.ഡി. ചെയ്യുന്നു. രണ്ടുപേരുടെയും മാതാപിതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍. തനിയെ ഫ്‌ളാറ്റില്‍ താമസം. ആഡംബരപൂര്‍വമായ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞിട്ട്‌ ആറുമാസം. ഇപ്പോഴേ രണ്ടുപേരും സ്വരചേര്‍ച്ചയിലല്ല. നിസാരപ്രശ്‌നങ്ങള്‍ക്കുപോലും കലഹം.

അണുകുടുംബങ്ങളില്‍ വളര്‍ന്ന രണ്ടുപേരും ഭക്ഷണത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം വ്യത്യസ്‌തമായ ഇഷ്‌ടങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. അരുണിന്റെ ഇഷ്‌ടങ്ങള്‍ക്കൊത്ത്‌ ഭക്ഷണം ഉണ്ടാക്കാന്‍ സന്ധ്യ തയാറല്ല. തിരിച്ച്‌ അരുണും സന്ധ്യയുടെ താല്‌പര്യമനുസരിച്ച്‌ അമ്പലത്തില്‍ പോകാനോ, ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനോ തയാറല്ല. ഭക്ഷണത്തിനും യാത്രകള്‍ക്കും എന്തിന്‌ വസ്‌ത്രങ്ങള്‍ സെലക്‌ട് ചെയ്യുമ്പോള്‍പോലും രണ്ടുപേരും താന്‍പിടിച്ച മുയലിന്‌ മൂന്നുകൊമ്പെന്ന മട്ടില്‍ പോരാടിക്കും.

പുറമേ കാണുമ്പോള്‍ മാതൃകാദമ്പതികള്‍, പക്ഷേ രണ്ടുപേരുടെയും അകംപുകയുന്ന അഗ്നിപര്‍വതംപോലെയാണ്‌. വേര്‍പിരിയലിന്റെ വക്കിലെത്തി നില്‌ക്കുകയാണ്‌. ആറുമാസമായതല്ലേയുള്ളൂ, ആളുകള്‍ എന്തുപറയും എന്നു വിചാരിച്ച്‌ സഹിച്ചു മുന്നോട്ടുപോവുകയാണ്‌.


സ്‌നേഹമില്ല, സഹിക്കാനും കഴിയില്ല

''പരസ്‌പരം സ്‌നേഹമില്ലാത്തതാണ്‌ ദമ്പതിമാരുടെ ഇടയിലെ വലിയ പ്രശ്‌നമെന്ന്‌ ഫാമിലി കൗണ്‍സിലറായ ഗ്രേസ്ലാല്‍ പറയുന്നു. ''പുതിയ തലമുറ വല്ലാതെ സ്വാര്‍ത്ഥരാണെന്നു തോന്നിയിട്ടുണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ഇഷ്‌ടം നടക്കണമെന്ന്‌ വാശിപിടിക്കുന്നവ. വ്യത്യസ്‌തമായ ഇഷ്‌ടാനിഷ്‌ടങ്ങളുള്ള രണ്ട്‌ വ്യക്‌തികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കാണില്ല. അതിനെ പരിഹരിച്ച്‌ മുന്നോട്ടു പോകുമ്പോഴാണ്‌ കുടുംബജീവിതം വിജയിക്കുന്നത്‌. പുതിയ തലമുറയിലെ കുട്ടികള്‍ നിസാരപ്രശ്‌നങ്ങള്‍പോലും വലിയ എന്തോ സംഭവമായി എടുക്കുകയും, ക്ഷമിക്കാന്‍ തയാറല്ലാതെ വരുമ്പോഴാണ്‌ പ്രശ്‌നമാവുന്നത്‌.

തെറ്റുകള്‍ രണ്ടുപേരുടെയും ആയിരിക്കും. ആര്‌ ക്ഷമിക്കുമെന്നതാണ്‌ പ്രശ്‌നം. അതിന്‌ തയാറാല്ലാതെ വരുമ്പോള്‍, പ്രശ്‌നങ്ങള്‍ അവസാനിക്കാതെ, എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കുടുംബജീവിതം മാറുന്നു. ഗ്രേസ്ലാല്‍ പറയുന്നു.

''യുവത്വത്തിന്‌ ബന്ധങ്ങളിലുള്ള പവിത്രത കുറഞ്ഞുവരുന്നതായി തോന്നുന്നു. മുമ്പത്തേക്കാള്‍ സ്‌ത്രീകള്‍ക്ക്‌ പണത്തോടുള്ള ആര്‍ത്തി കൂടിയിട്ടുണ്ട്‌. പണ്ട്‌ സ്‌ത്രീകള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നിരുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക്‌ അതിന്റെ ആവശ്യമില്ല. അവര്‍ക്ക്‌ സ്വന്തമായി വരുമാനമുണ്ട്‌. ഒരു പക്ഷേ ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടായിരിക്കും. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ പണ്ടത്തെപോലെ സഹിച്ചുജീവിക്കുന്നത്‌ എന്തിനാണെന്ന്‌ സ്‌ത്രീകള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. വിവാഹമോചനം കൂടാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവും.'' ഗ്രേസ്ലാല്‍ പറയുന്നു.


എവിടെയാണ്‌ പ്രശ്‌നങ്ങള്‍

മലയാളികളുടെ ഓമനയായിരുന്ന നടിയുടെ, ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ്‌ ദാമ്പത്യത്തിലെ വില്ലത്തി എന്നാണ്‌ പറയപ്പെടുന്നത്‌. ടിവി കാണുന്നതില്‍വരെ അമ്മായിയമ്മ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്രേ. കുട്ടിക്കാലം മുതല്‍ ആണ്‍മക്കളെ സ്വന്തം ചൊല്‌പടിക്ക്‌ വളര്‍ത്തുന്ന അമ്മമാരാണത്രേ ഭാവിയില്‍ പ്രശ്‌നക്കാരായി മാറുന്നത്‌. അവരില്‍ പലരും തങ്ങളില്‍നിന്നും മകനെ തട്ടിയെടുക്കാന്‍ വരുന്ന ആളായിട്ടാവും മരുമകളെ കാണുന്നത്‌. ശത്രുവിനെയെന്നപോലെ മകന്റെ ഭാര്യയെ കാണുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമായിരിക്കും. ഭാര്യയുടെയും അമ്മയുടെയും ഇടയില്‍പ്പെട്ട്‌ ധര്‍മ്മസങ്കടത്തിലാകാനായിരിക്കും മകന്റെ വിധി.

മുമ്പ്‌ ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിക്കാന്‍ സ്‌ത്രീ നിര്‍ബന്ധിതരാകുമായിരുന്നു. വീട്ടുകാരും ആ രീതിയിലായിരിക്കും ഉപദേശിക്കുന്നത്‌. ഇന്ന്‌ അങ്ങനെയല്ല കാര്യങ്ങള്‍. വിവാഹമോചനത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അമ്മായിയമ്മ വലിയ പങ്ക്‌ വഹിക്കുന്നില്ലെന്ന്‌ കുടുംബകോടതില്‍ പ്രാക്‌ടീസുചെയ്യുന്ന അഡ്വ. സ്‌മിതസോമന്‍ പറയുന്നു. ''തനിയെ താമസിക്കുന്നവര്‍ തന്നെയാണ്‌ വിവാഹമോചനത്തിന്‌ എത്തുന്നവര്‍ കൂടുതലും. കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച്‌ ജീവിച്ച്‌, ഇനി തുടരാന്‍ ഒരുവിധത്തിലും പറ്റില്ലാന്നു ബോധ്യമായാല്‍ മാത്രം വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നവരായിരുന്നു കൂടുതലും.

ഇപ്പോള്‍ വിവാഹം കഴിഞ്ഞ്‌ ആറുമാസത്തിനുള്ളില്‍ തന്നെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇതിലുപരി വലിയ ഗൗരവമല്ലാത്ത പ്രശ്‌നങ്ങളുമായിട്ടായിരിക്കും കോടതിയെ സമീപിക്കുന്നത്‌. മിക്കവാറും കേസുകളില്‍ കൗണ്‍സിലിങ്ങുവഴി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാറുണ്ട്‌. സംശയരോഗം, അവിഹിതബന്ധം... തുടങ്ങിയവയൊക്കെ വിവാഹമോചനത്തിന്‌ കാരണമാവാറുണ്ട്‌. പക്ഷേ ഇപ്പോഴത്തെ കേസുകളില്‍ കൂടുതലും ചെറിയ ഈഗോ പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നതാണെന്ന്‌ തോന്നിയിട്ടുണ്ട്‌.'' സ്‌മിത സോമന്‍ പറയുന്നു.

''പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസമുണ്ടെങ്കിലും അതിനു തക്ക മാനസികപക്വത ഇല്ലെന്ന്‌ തോന്നിയിട്ടുണ്ട്‌.

''ബന്ധുക്കളുടെ നിലപാടും നിര്‍ണ്ണായകമാണ്‌. തെറ്റുകള്‍ സ്വന്തം മക്കളുടെ ഭാഗത്താണെങ്കിലും അതിനെ ന്യായീകരിക്കുന്ന മാതാപിതാക്കളും പ്രശ്‌നക്കാരാകാറുണ്ട്‌. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരുമിക്കണമെന്നുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്ത അവസ്‌ഥ. അങ്ങനെ പല കേസുകളും കണ്ടിട്ടുണ്ട്‌.

''വിവാഹം ആലോചിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലും സാമ്പത്തികനിലാവാരത്തിലും, കുടുംബമഹിമയിലും ഒരുപോലുള്ള ആലോചനകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും.'' ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍തന്നെ പറഞ്ഞു തീര്‍ക്കട്ടെ, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം ബന്ധുക്കള്‍ ഇടപെട്ടാല്‍ മതി.'' കേരളത്തില്‍ എല്ലാം മതവിഭാഗങ്ങളുടെയും ഇടയില്‍ വിവാഹമോചനം കൂടിവരുന്നു, പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്കിടയില്‍... അതൊരു യാഥാര്‍ത്ഥ്യമാണ്‌

പ്രവാസം അഥവാ "മരണം"

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.


നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...




വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല..

ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.

സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ഒളിക്യാമറകള്‍ കുട്ടികള്‍ക്ക് പിന്നാലെ - Child Pornography

അശ്ലീലചിത്രങ്ങളുടെ പ്രചരണം ലോകത്ത്‌ പുതിയ സംഭവമല്ല. വലിയ മാഫിയാ സംഘങ്ങള്‍തന്നെ ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്‌. ഇപ്പോഴിതാ പുതിയ വാര്‍ത്ത. കോടികളുടെ ലാഭം കൊയ്യുന്ന ഒരു വന്‍ വ്യാപാരം അരങ്ങുതകര്‍ക്കുന്നു. കുട്ടികളുടെ നഗ്‌നതയാണ്‌ ഇവിടെ വില്‌പനച്ചരക്ക്‌.
ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയെ (ദുരു)ഉപയോഗപ്പെടുത്തി തഴച്ചുവളരുന്ന വമ്പന്‍ കച്ചവടമാണിത്‌. കുട്ടികളുടെ അശ്ലീലഫോട്ടോകളും വീഡിയോ ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ കോടിക്കണക്കിന്‌ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ വന്‍ മാഫിയ സംഘങ്ങള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു. കച്ചവടത്തിനായി വന്‍ പദ്ധതികളാണ്‌ അവര്‍ ആവിഷ്‌കരിക്കുന്നത്‌.

അടുത്തിടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‌ കാലിഫോര്‍ണിയയില്‍ അറസ്‌റ്റിലായ ഡാന്റല്‍ ഹില്ലിന്റെ പക്കല്‍നിന്നു ലഭിച്ച തെളിവുകള്‍ വെളിപ്പെടുത്തുന്നത്‌ നഗ്‌നതാക്കച്ചവടത്തിന്റെ വിപുല ലോകത്തെയാണ്‌. നൂറുകണക്കിന്‌ അശ്ലീലചിത്രങ്ങളും അനേകം വീഡിയോകളും ഇയാളുടെ പക്കലുണ്ടായിരുന്നു. നഗ്‌നതാപ്രദര്‍ശനത്തിന്‌ കുട്ടികളെ പ്രേരിപ്പിച്ച്‌ ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ തൊഴില്‍. ഇതിനുപിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങളിലെല്ലാം കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.ചൈല്‍ഡ്‌ പോണോഗ്രഫി എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ പ്രവണത ഇന്റര്‍നെറ്റ്‌ ഉപഭോക്‌താക്കളെ വന്‍തോതി സ്വാധീനിക്കുകയാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെ പരസ്യപ്രചരണമെന്നാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്ക്‌ നിയമപരമായി നല്‍കിയിരിക്കുന്ന നിര്‍വചനം. ഇത്തരത്തില്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ ലോകത്ത്‌ ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല എന്നതും അത്‌ഭുതാവഹമാണ്‌. ചൈല്‍ഡ്‌ പോണോഗ്രാഫിയില്‍ കൂടുതല്‍ കണ്ടുവരുന്നത്‌ 12 വയസില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ്‌. ഇതിന്റെ വന്‍തോതിലുള്ള പ്രചരണം സമൂഹത്തിന്റെ മാനസികാവസ്‌ഥയെത്തന്നെ മാറ്റിമറിക്കുമെന്ന്‌ കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ ചൈല്‍ഡ്‌ എക്‌സ്‌പ്ലോയിന്റേഷന്‍ ആന്‍റ്‌ ഓണ്‍ലൈന്‍ പ്രൊട്ടക്‌ഷന്‍ സെന്റര്‍ സി ഇ ഒ ജിം ഗ്യാംബിള്‍ പറയുന്നു. ലോകത്ത്‌ അറിയപ്പെടുന്ന വമ്പന്‍ വ്യാപാരികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫി വ്യാപകമാക്കുന്നതിന്‌ പിന്നില്‍. മള്‍ട്ടിമില്യണ്‍ ബിസിനസായി ഇത്‌ രൂപാന്തരം പ്രാപിച്ചതിനു പിന്നില്‍ വന്‍ ലാഭക്കൊതിയാണുള്ളതെന്നും ജിം പറയുന്നു.





ചൈല്‍ഡ്‌ പോണോഗ്രഫി ടൂറിസത്തിന്റെ ശാഖയായി വളരുന്നു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്‌തുത. കേരളംപോലെ ലോകത്തെ ടൂറിസത്തിനു വന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്കാര്‍ വന്‍ ലാഭക്കൊയ്‌ത്തിന്‌ ലക്ഷ്യമിടുന്നത്‌. ഇന്ത്യ, തായ്‌ലന്റ്‌, തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കുട്ടികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിയില്‍ ബലിയാടുകളാകുന്നതില്‍ അധികവും. ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്ന അശ്ലീലസൈറ്റുകളെ നിയന്ത്രിക്കാന്‍ മൂന്നാംലോക രാജ്യങ്ങളില്‍ അനുയോജ്യമായ നിയമങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തില്‍ അതിരുകളില്ലാത്ത ഇന്റര്‍നെറ്റ്‌ സാധ്യതയെ ഉപയോഗപ്പെടുത്തി അശ്ലീല തരംഗം സൃഷ്‌ടിക്കുന്ന `മനോവൈകൃതം' വ്യാപകമാക്കപ്പെടും.


അടുത്തിടെ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ അശ്ലീല സൈറ്റുകളുടെ നിരോധനത്തെ സംബന്‌ധിച്ച്‌ നടത്തിയ പ്രസ്‌താവന ഇതിനോട്‌ കൂട്ടി വായിക്കപ്പെടാവുന്നതാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നതയെ ചൂഷണംചെയ്‌ത്‌ ലാഭക്കൊയ്‌ത്ത്‌ നടത്തുന്ന ആഗോള വ്യാപാരഭീമന്‍മാര്‍ നിയമം കൈയിലെടുത്ത്‌ പന്താടുന്നത്‌ നോക്കിനില്‍ക്കാനേ ഭരണകര്‍ത്താക്കള്‍ക്ക്‌ കഴിയുന്നുള്ളൂ. കുട്ടികളുടെ വ്യക്‌തി വികാസത്തെയും ആത്‌മവിശ്വാസത്തേയും തകര്‍ത്തെറിയുകയും സമൂഹത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ചൈല്‍ഡ്‌ പോണോഗ്രാഫി കച്ചവടക്കാര്‍ക്കെതിരെ ലോക വ്യാപകമായ നടപടികള്‍ ഉണ്ടാകണമെന്ന്‌ ആവശ്യമുയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌.

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്.


ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.


പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌


കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത്വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്

ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷംകഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്

നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്

ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തുകഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.

നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണംകഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.

എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നുംബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്

കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെമറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെവിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയുംഅള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.


ആവലാതികളുടെയും പരിഭവങ്ങളുടെയും കത്തുകള്‍ തുടരുന്നു. ജമാലിന്‍റെ പ്രവാസവും. !!

Share

Twitter Delicious Facebook Digg Stumbleupon Favorites