Saturday, May 29, 2010

സോണിയാ ഗാന്ധിക്ക് ദൈവിക പതവിയോ?


ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ ഒരു വിഡ്ഡിത്തം പറഞ്ഞതായി ഓര്‍ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ മഹാരാജ്യത്തെ കേവലം ഒരു പ്രധാനമന്ത്രിയിലേക്കു ചുരുക്കാന്‍ മാത്രം സങ്കുചിതമായ ദേശീയബോധം ആരാണ് അന്ന് പ്രകടിപ്പിച്ചത് എന്നെനിക്കറിയില്ല.സോണിയാ ഗാന്ധി ഇത്തരത്തില്‍ ആര്‍ഷഭാരതസംസ്കാരത്തെ രക്ഷിക്കുന്നതിനു വേണ്ടി അവതരിച്ച ദൈവീകഗുണങ്ങളുള്ള സ്ത്രീയാണ് എന്നൊരു വിശ്വാസം ചിലര്‍ക്കുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്,പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം ആര്‍ക്കും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത ഒരു അതുല്യ ശക്തിയായി സോണിയാജി മാറിയിട്ടുണ്ടോ ? എനിക്കു പേടിയാകുന്നു.

രാജ്നീതി എന്നു പറയുന്ന പുതിയ സിനിമയില്‍ കത്രീന കൈഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സോണിയ ഗാന്ധിയുമായി സാദൃശ്യം ഉണ്ടെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ആ സിനിമ സെന്‍സര്‍ ചെയ്യുന്നു എന്നു പറയുമ്പോള്‍ കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും വെറുക്കാന്‍ പഠിപ്പിക്കുന്ന വിശാലമനസ്കരായ കോണ്‍ഗ്രസുകാരന്‍ ആരായി ? ഇന്ത്യയെ ചൈനയെക്കാള്‍ മോശപ്പെട്ട അവസ്ഥയിലേക്കാണോ ഇവര്‍ കൊണ്ടുപോകുന്നത് ? എന്‍റെ സംശയം മാത്രമാണ്. ഇതെഴുമ്പോള്‍ സ്വന്തം ഖദര്‍ സ്വയം കഞ്ഞിപിഴിഞ്ഞ് ചില ഭാഗങ്ങള്‍ മനപൂര്‍വം കീറി ധരിക്കുന്ന ഒരു തീവ്ര കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍.

രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും പറയാം. രാഷ്ട്രീയത്തില്‍ മതം ഇടപെടരുത് എന്നു സഖാവ് പിണറായി വിജയന്‍ പറയുന്നതില്‍ ഒരു ന്യായമുണ്ട്. അതുപോലെ രാഷ്ട്രീയം കലയിലും കവിതയിലുമൊക്കെ ഇടപെടുന്നതും അങ്ങേയറ്റം ബാലിശമാണ്. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കലാകാരന് കോണ്‍ഗ്രസും കമ്യൂണിസ്റ്റുമില്ല, ഉണ്ടാവരുത്. നാളെ ബിന്‍ ലാദനെപ്പറ്റി സിനിമയെടുക്കുമ്പോള്‍ അല്‍ ക്വയ്ദ പ്രതിനിധികള്‍ക്കും പടം സെന്‍സര്‍ ചെയ്യാനുള്ള അവകാശമുണ്ടാവണം. അതാണ് കലയിലെ നീതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതേ നിലപാട് പുലര്‍ത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അല്ലെങ്കില്‍,ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം ഒരു സിനിമയെ ഭയക്കുന്നതെന്തുകൊണ്ടാണ് ? സോണിയാ ഗാന്ധിയുടെ ചിത്രം വരയ്‍ക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ദേശവിരുദ്ധ പ്രവര്‍ത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അതേ പ്രവര്‍ത്തനം ചെയ്യാന്‍ ‍ഞാനുമാഗ്രഹിക്കുന്നു.

സോണിയാ ഗാന്ധിയെക്കുറിച്ച് സിനിമയെടുക്കാന്‍ മുമ്പ് ജഗ്മോഹന്‍ മുധ്ര ഒരു ശ്രമം നടത്തിയിരുന്നു. ഇറ്റാലിയന്‍ നടിയായ മോണിക്ക ബെല്ലുച്ചി പടത്തില്‍ നായികയാകുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ സമര്‍ഥമായി ഇടപെട്ട് ആ സിനിമ മുടക്കുകയായിരുന്നത്രേ. അതിനു ശേഷമാണ് ജവഹര്‍ലാല്‍ നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റനുമായുള്ള ബന്ധപ്പെപ്പറ്റി ഇന്ത്യന്‍ സമ്മര്‍ എന്ന നോവലിന്‍റെ അടിസ്ഥാനത്തില്‍ ഹോളിവുഡ് പടത്തിന് ശ്രമങ്ങള്‍ നടന്നത്. പടത്തിന്‍റെ ഫുള്‍ സ്ക്രിപ്റ്റ് വാങ്ങി വായിച്ച ശേഷം ഇന്ത്യ അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്.

ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്‍റെ മാത്രം സ്വത്തല്ല. ഓരോ ഇന്ത്യക്കാരന്‍റെയും സ്വത്താണ്. അത് നെഹ്റു കുടുംബത്തോടുള്ള അഭിനിവേശം കൊണ്ടല്ല, അദ്ദേഹം കാഴ്ച വച്ച വ്യക്തിപരവും ഭരണപരവുമായ മികവുകള്‍ കൊണ്ടാണ്. അതുപോലെയാണോ സോണിയാ ഗാന്ധി ?അഥവാ ആണെങ്കിലും സോണിയാ ഗാന്ധിയോടു രൂപസാദൃശ്യമുള്ള ഒരാളെ അവതരിപ്പിച്ചു കൂടാ എന്നൊക്കെ പറയുമ്പോള്‍ അതിന്‍റെ തീവ്രത എത്രയാണെന്ന് ആലോചിച്ചു നോക്കണം. തീരുമാനം സോണിയയുടെയാണോ അതോ കോണ്‍ഗ്രസിന്‍റെയാണോ അതോ നേതാക്കന്‍മാരുടെയാണോ എന്നറിയില്ല.

എന്തായാലും ഏറ്റവും ഒടുവില്‍ പടം സെന്‍സര്‍ ചെയ്തിരിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. പേരുകള്‍ കേട്ടാല്‍ ഞെട്ടും- ടോം വടക്കന്‍, പങ്കജ് ശര്‍മ, സഞ്ജീവ് ഭാര്‍ഗവ എന്നിവര്‍ കണ്ട ശേഷമാണ് സിനിമയ്‍ക്ക് യു-എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പടത്തിന് അഡള്‍ട്ട് സര്‍ട്ടിഫിക്കറ്റ് (എ) നല്‍കണമെന്നാണ് കോണ്‍ഗ്രസുകാര്‍ നിര്‍ദേശിച്ചതെങ്കിലും ബോര്‍ഡ് യു-എ ആണ് നല്‍കിയിരിക്കുന്നത്. തീര്‍ത്തും ബാലിശമായ ഇടപെടലുകളും മുറിച്ചുമാറ്റലുകളുമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ നിര്‍ദേശിച്ചിരുന്നതത്രേ. ആ മാറ്റങ്ങളെല്ലാം വരുത്തിയ ശേഷവും വടക്കനും തെക്കനുമൊക്കെ കൂടി പടത്തിനു നിര്‍ദേശിച്ചത് എ സര്‍ട്ടിഫിക്കറ്റ്.

പടം ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇടപെടലുകള്‍ സംവിധായകന്‍ പ്രകാശ് ഝായെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപ്രമാദിത്വവും സോണിയാ ഗാന്ധിക്ക് ദൈവികപദവിയുമൊന്നും ആരും നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അഥവാ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്തിനും രാജ്യസ്നേഹത്തിനും മുകളിലല്ല, കോണ്‍ഗ്രസിന്‍റെയും സോണിയാ ഗാന്ധിയുടെയും സ്ഥാനം. അല്ലെങ്കിലും സോണിയ കീര്‍ത്തനങ്ങളും സോണിയാഭക്തിഗാനങ്ങളും മാത്രം നിര്‍മിക്കാന്‍ ഇതു പഴയ രാജഭരണമൊന്നുമല്ലല്ലോ.

യുവത്വത്തിന്‍റെ പ്രതീകവും ഫാവി ഫാരതത്തിന്‍റെ ഒരേയൊരു പ്രതീക്ഷയുമായ രാഹുല്‍ ഗാന്ധിയെങ്കിലും ഇക്കാര്യത്തില്‍ പോസിറ്റീവായ ഒരു നിലപാട് എടുക്കേണ്ടതായിരുന്നു. ട്വിറ്ററിലൂടെ സാധാരണക്കാരന്‍റെ വിമാനത്തെ കന്നുകാലി ക്ലാസ് എന്നു വിളിച്ചതുപോലും വിശാലമനസ്സോടെ കണ്ട കോണ്‍ഗ്രസ് നേതൃത്വം ഒരു ബോളിവുഡ് സിനിമയോട് ഇത്ര കര്‍ശനസമീപനം പുലര്‍ത്തുന്നത് എന്തിനാണ് എന്നു മനസ്സിലാവുന്നില്ല. ചിലപ്പോള്‍ അവരും എന്തെങ്കിലും ഭയക്കുന്നുണ്ടാവും. ഒരിക്കലും ആരും അറിയരുതെന്നാഗ്രഹിക്കുന്ന എന്തെങ്കിലും നാറിയ കഥകള്‍ അവര്‍ക്കുമുണ്ടാവും അല്ലേ ? ആര്‍ക്കറിയാം !

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites