Monday, May 24, 2010

മാഫിയകളേ മെക്കിട്ടു കയറാന്‍ വരരുത്, വിടുകേല ഞാന്‍


മലയാളസിനിമ മാഫിയാ സംഘങ്ങളുടെ കൈയിലാണോ? ആ മാഫിയകള്‍ക്ക് അമ്മയെന്നും ഫെഫ്കയെന്നുമാണോ പേര്? അതെയെന്ന് നടന്‍ തിലകന്‍. മലയാള സിനിമാ തറവാട്ടിലെ കാരണവരില്‍ ഒരാളായ തിലകന്‍ തെളിവുകള്‍ നിരത്തിയാണ് പറയുന്നത്. പറയുകയല്ല, ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തിലകന്‍ പൊട്ടിത്തെറിക്കുക തന്നെയായിരുന്നു.

അഭിമുഖമെന്നു പറയാമോ എന്നും സംശയമാണ്. കാമറയെ നോക്കി തിലകന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പറയേണ്ട പലതും മറന്നുപോയെങ്കിലോ എന്നു കരുതി നോട്ട്ബുക്കില്‍ എഴുതിയിട്ട്, ഇടയ്ക്ക് അതു നോക്കിയായിരുന്നു തിലകന്‍ സംസാരിച്ചത്. എനിക്കാരെയും ഭയമില്ല. എനിക്കു നിങ്ങള്‍, ജനങ്ങളോടാണ്, പറയാനുള്ളത്. നിങ്ങളാണ് ഇതിനു പരിഹാരം കാണേണ്ടത്. നിങ്ങളാണ് പ്രതികരിക്കേണ്ടവര്‍.

അമ്മ, ഫെഫ്ക മാഫിയകളുടെ കൈയില്‍

അമ്മയെന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയില്‍ ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളോടാണ് വിയോജിപ്പ്. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന സിനിമയ്ക്കു വേണ്ടി നിര്‍മ്മാതാവ് സുബൈര്‍ എന്റെ വീട്ടില്‍ വന്നാണ് അഡ്വാന്‍സ് തന്നത്്. ഞാന്‍ പറഞ്ഞ തുകയ്ക്കാണ് എന്നെ ബുക്ക് ചെയ്തത്. എന്നാല്‍ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സില്‍നിന്ന് എന്നെ അകാരണമായി ഒഴിവാക്കി. സുബൈറിനെ വിളിച്ച് ഞാന്‍ കാര്യമന്വേഷിച്ചു.
'ചേട്ടാ, എവര്‍ സമ്മതിക്കുന്നില്ല.'
ആരാണവര്‍, ഞാന്‍ ചോദിച്ചു.
'ഫെഫ്ക സമ്മതിക്കുന്നില്ല. അമ്മ ഒന്നും പറഞ്ഞിട്ടില്ല'.
ഇക്കാര്യം സുബൈര്‍ എടുത്തു പറഞ്ഞപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്‌സിലായി.

പ്രവര്‍ത്തകരെ ഉപരോധിക്കലാണോ സംഘടനയുടെ ജോലി? തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കുന്നതാണോ സംഘടനയുടെ നയം? നിങ്ങള്‍ക്കറിയുമോ, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ എന്നിവരെ നേരത്തെ തന്നെ ഈ സംഘടനകള്‍ വിലക്കിയിട്ടുണ്ട്. ഇതിനു മുന്‍പ് രണ്ടു പ്രാവശ്യം അഭിനയിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, പ്രേക്ഷകരുടെ കത്തുകളും ആയിടയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും എന്നെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

അഭിനയിക്കരുതെന്നു പറയാന്‍ എന്തവകാശം?

വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിച്ചതാണ് എനിക്കെതിരെ വിലക്കു വരാന്‍ കാരണം. വിനയന്റെ പടത്തില്‍ അഭിനയിക്കരുത് എന്ന് എന്നോടു പറയാന്‍ ഇവര്‍ക്ക് എന്തവകാശം? അതിന് അവകാശമുള്ളത് പ്രേക്ഷകര്‍ക്കു മാത്രമാണ്. അവര്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അഭിനയിക്കില്ല. അഭിനയം എന്റെ തൊഴിലാണ്. ഒപ്പം ഇത് ഒരു കലയുമാണ്.

കല സമൂഹത്തിന് ആവശ്യമാണ്. കല സമൂഹത്തില്‍ നിന്ന് അന്യമായതിന്റെ ദുരന്തമാണ് നാമിന്നു കാണുന്നത്. വിചാരിക്കാത്ത സ്ഥലങ്ങളില്‍ ബോംബ് പൊട്ടുന്നതും ഭീകരവാദം ഉണ്ടാകുന്നതുമൊക്കെ ഇതിനാലാണ്. സിനിമ പോലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. എങ്ങനെ ബോംബു വയ്ക്കണമെന്നും എങ്ങനെ കൊല്ലാമെന്നുമൊക്കെ പഠിപ്പിക്കുയാണ് സിനിമ.

സുകുമാരനെയും വിലക്കി, മല്ലിക സാക്ഷി

ഇതിനു മുന്‍പ് നടന്‍ സുകുമാരനെ അമ്മ വിലക്കി. പകരം ആ റോള്‍ ചെയ്യാന്‍ എന്നെ വിളിച്ചു. അപ്പോള്‍ ഞാന്‍ അമ്മയുടെ ഭാരവാഹികളെ വിളിച്ചു ചോദിച്ചു. അങ്ങനെയൊരു വിലക്കിനെക്കുറിച്ച് അറിയില്ലെന്ന് മറുപടി. എങ്കിലും സിനിമയുടെ നിര്‍മാതാക്കളോടു ഞാന്‍ പറഞ്ഞു, സുകുമാരനെ വിളിച്ചു ചോദിച്ചിട്ടു അവസാനവാക്ക് പറയാമെന്ന്.

തുടര്‍ന്നു ഞാന്‍ സുകുമാരനെ വിളിച്ചു. കാര്യം തിരക്കി. എന്നെ ആ റോളിലേക്കു വിളിച്ച വിവരവും പറഞ്ഞു. സുകുമാരന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ചേട്ടാ, എന്നെ വിളിച്ചു ചോദിക്കാനുള്ള മര്യാദ കാണിച്ചല്ലോ?' അതു മതി. ചേട്ടന്‍ ആ റോളില്‍ അഭിനയിച്ചോളൂ. എനിക്കു പരാതിയില്ല.

ഇതിനു സാക്ഷി സുകുമാരന്റെ ഭാര്യ മല്ലികയാണ്. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ. ചോദിച്ചുനോക്കൂ.

ജോഷിയുടെ ഗതികേട്

വിനയന്റെ പടത്തില്‍ അഭിനയിച്ച പുതുമുഖ നടനാണ് സുധീര്‍. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സിലേക്കും അയാള്‍ക്ക് ക്ഷണമുണ്ടായിരുന്നു. അയാളുടെ ഡേറ്റ് വാങ്ങി. ജോഷിയാണ് സംവിധായകന്‍. ഞാന്‍ വളരെയേറെ ബഹുമാനിക്കുന്ന സംവിധായകനാണ് അദ്ദേഹം. അദ്ദേഹമെടുക്കുന്ന ഒരു ഷോട്ടു പോലും വെറുതെയാവില്ല. ആ ജോഷി സുധീറിനോട് ചോദിച്ചു, വിനയന്റെ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഉണ്ടെന്ന് സുധീറിന്റെ മറുപടി. കുഴപ്പമായല്ലോടാ എന്നായിരുന്നു ജോഷിയുടെ പ്രത്യുത്തരം.

ജോഷിയുടെ ഈ പ്രതികരണമാണ് എന്നെ ഞെട്ടിച്ചത്. മലയാളത്തിലെ സീനിയര്‍ മോസ്റ്റ് സംവിധായകരില്‍ ഒരാളായ ജോഷിക്കും ഭയമാണ്. സംവിധായകന്‍ ഇവിടെ ഭയന്നു നടക്കണോ? സംവിധായകന്‍ കലാകാരനാണ്. സ്വാതന്ത്ര്യം വേണം. ആരെയെങ്കിലും ഭയപ്പെട്ട് പടം ചെയ്യാന്‍ പറ്റുമോ?

എങ്കിലും എന്റെ ഉണ്ണിക്കൃഷ്ണാ...

'തിലകനെ കട്ട് ചെയ്തു, പിന്നെയാണോ നീ?' എന്നാണ് സുധീറിനോട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ആരാണ് ഈ ഉണ്ണിക്കൃഷ്ണന്‍. ഇയാളെ എനിക്ക് നന്നായി അറിയില്ല. പക്ഷേ, ഒന്ന് ഓര്‍മയുണ്ട്, നേരറിയാന്‍ സി ബി ഐ എന്ന സിനിമയുടെ സെറ്റില്‍വച്ച് ഈ വിദ്വാന്‍ എന്നെ വന്നു പരിചയപ്പെട്ടു. ചേട്ടനു വേണ്ടി ഞാനൊരു ഉഗ്രന്‍ കഥാപാത്രത്തെ ഒരുക്കുന്നുണ്ട്. അതു ചേട്ടന്‍ തന്നെ അഭിനയിച്ചേ തീരൂ എന്ന്.

അതേ ഉണ്ണിക്കൃഷ്ണനാണ് ഇപ്പോള്‍ എന്നെ വിലക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ഇപ്പറഞ്ഞതിന്റെ പേരില്‍ എന്റെ മെക്കിട്ട് കേറാന്‍ വരരുത്. വേണ്ടിവന്നാല്‍ ഞാനും അങ്ങനെ തന്നെ പ്രതിരോധിക്കും. ശാരീരികമായി പ്രതിരോധിക്കുമെന്നാണല്ലോ ഫെഫ്കയും പറയുന്നത്. അങ്ങനെ തുറന്നുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല.


ഇന്ദ്രന്‍സിന്റെ കണ്ണീര്‍

വിനയനുമായി സഹകരിച്ചതിന്റെ പേരില്‍ പലര്‍ക്കും മാനസികപ്രയാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ഇന്ദ്രന്‍സ്.

നല്ലൊരു കോസ്റ്റിയൂമറാണ് ഇന്ദ്രന്‍സ്. എനിക്കയാള്‍ വസ്ത്രങ്ങള്‍ തുന്നിത്തിന്നിട്ടുണ്ട്. പാന്റും ഷൂവും ഇട്ടുതന്നിട്ടുണ്ട്. എന്നോടു വളരെ ബഹുമാനമാണ്്. എന്റെ മുന്നില്‍ ഇരിക്കാന്‍ പോലും മടിയാണ് ഇന്ദ്രന്‍സിന്. 'നീയൊരു നടനാണ്' എന്ന് ഓര്‍മ്മപ്പെടുത്തി നിര്‍ബന്ധിച്ച് ഞാന്‍ ഒപ്പമിരുത്തിയിട്ടുണ്ട്.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇന്ദ്രന്‍സ് കരയുന്നത് ഞാന്‍ കണ്ടു. എന്തിനാണ് ഇന്ദ്രന്‍സ് കരയുന്നത്? ഞാന്‍ ചോദിച്ചു. 'ഒന്നുമില്ല സര്‍. ചെറിയ മാനസികപ്രശ്‌നമുണ്ട്', എന്ന് മാത്രമേ ആദ്യം പറഞ്ഞുള്ളൂ. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ഇന്ദ്രന്‍സ് അക്കാര്യം പറഞ്ഞത്. 'വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ 25,000 രൂപ അഡ്വാന്‍സ് വാങ്ങിപ്പോയി. ആ സിനിമയില്‍ അഭിനയിക്കരുതെന്ന് വിലക്കു വന്നിരിക്കുന്നു. ഞാനിനി എന്തു ചെയ്യും? ബഹുമാനിക്കുന്നവരോട് നീതികേട് കാണിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാണ് കരഞ്ഞുപോയത്'.

ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് ഉപരോധിക്കും

ചില മാഫിയാസംഘങ്ങളുടെ അജണ്ടയാണ് ഇവിടെ നടക്കുന്നത്. തൊഴില്‍ ചെയ്യുകയെന്നത് ഭരണഘടനാപരമായ അവകാശം മാത്രമല്ല ജന്മാവകാശം കൂടിയാണ്. തൊഴില്‍ ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെയുണ്ടായാല്‍ അത് തകര്‍ക്കും. തകര്‍ത്തിരിക്കും. ഞാനും കമ്മ്യൂണിസ്റ്റാണ്്. സുബൈറിനോടും ജോഷിയോടും ഞാന്‍ പറയുന്നു, എന്നെ തിരിച്ചു വിളിക്കൂ. അല്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ സിനിമ ഉപരോധിക്കും. അതിന് എന്തു മാര്‍ഗവും സ്വീകരിക്കും.

എന്റെ വീട്ടില്‍ വന്ന് എനിക്ക് അഡ്വാന്‍സ് തന്നതാണ്. അതിന്റെ രേഖ വേണമെങ്കില്‍ എനിക്കുണ്ടാക്കാം. അതുമായി വേണ്ടിവന്നാല്‍ ഞാന്‍ കോടതിയില്‍ പോകും. ഓര്‍മവേണം.


സൂപ്പര്‍ താരങ്ങളേ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്


വിനയനോടൊപ്പം സഹകരിക്കുന്ന അന്യസംസ്ഥാനക്കാരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഇല്ല. അവര്‍ക്കും അവിടെ സംഘടനകളൊക്കെ ഉണ്ടല്ലോ.

വിനയന്റെ പടത്തില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവരത്തകരെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫെഫ്ക തിരിച്ചു വിളിച്ചു. ആ ചിത്രത്തില്‍ ഞാനൊരു മാന്ത്രവാദിയുടെ വേഷമാണ് ചെയ്യുന്നത്. ഞാന്‍ എത്തുന്ന രംഗത്ത് പശ്ചാത്തലത്തില്‍ കൊടുങ്കാറ്റ് അടിക്കണം. അതിനായി രണ്ടു പ്രൊപ്പലര്‍ വച്ചിരുന്നു. സമയമായപ്പോള്‍ രണ്ടു പ്രൊപ്പലറുകളും തിരികെ എടുപ്പിച്ചു.

നിര്‍മാതാവ് ഇത്തരം പ്രവൃത്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നയാളായിരുന്നില്ല. സാമ്പത്തികശേഷിയും കാര്യശേഷിയുമുള്ള അദ്ദേഹം രണ്ടു പ്രൊപ്പലറുകള്‍ ഉണ്ടാക്കിച്ചു. എന്നിട്ട് ഷൂട്ടിംഗ് നടത്തി.

മാഫിയ സംഘങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പുതുമുഖങ്ങള്‍ നാളത്തെ സൂപ്പര്‍താരങ്ങളാണ്. അഭിനയിക്കാനറിയുന്ന നിരവധി പേരുണ്ട്. സൂപ്പര്‍ താരങ്ങളും ഓര്‍ക്കണം, അഭിനയിക്കാനറിയുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. എനിക്ക് അഭിനയിക്കാനറിയാം. ഇത് എന്റെ അഹങ്കാരമോ തലക്കനമോ ആണെന്നു പറയാം. പത്രക്കാര്‍ ചോദിക്കാറുണ്ട് ലേശം തലക്കനമുണ്ടല്ലോ എന്ന്. അതേ, ഇതു തലക്കനമാണെന്നു പറഞ്ഞാല്‍, എനിക്കു തലക്കനമുണ്ട്.

എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയസംഘങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്നെനിക്കറിയാം. സൂപ്പര്‍ താരങ്ങളായി നടക്കുന്നവര്‍ ഓര്‍ത്തോളൂ, നിങ്ങള്‍ കാണിക്കുന്നതൊക്കെ എന്തെന്ന് എനിക്കറിയാം. എന്നെക്കൊണ്ടൊന്നും വിളിച്ചുപറയിപ്പിക്കരുത്.

വിടുകേല ഞാന്‍, വരും ഞാന്‍

ഫെഫ്ക ഒരു നല്ല സംഘടനയാണെങ്കില്‍ കഴിവുള്ളവരെ അംഗീകരിക്കണം. ഇവിടെ നടക്കുന്നത് ഒരു കോര്‍ട്ടുണ്ടാക്കി കുറച്ചുപേര്‍ സെന്ററിലും ഫോര്‍വേഡിലുമൊക്കെയായി നിന്ന് പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണ്. സ്വയം ഗോളടി കുഴപ്പമാണ്.

കാട്ടുകുതിരയിലെ കൊച്ചുവാവയുടെ വാക്ക് കടമെടുത്ത് പറയുകയാണ്, വിടുകേല ഞാന്‍, വരും ഞാന്‍. നാളെ വേണ്ടിവന്നാല്‍ ഞാന്‍ സിനിമ എടുക്കും. എന്നെ ഇന്നു വിലക്കുന്ന പലരും അന്ന് എന്റെ കാലു നക്കാന്‍ വരുമെന്ന് എനിക്കറിയാം. പക്ഷേ, തത്കാലം ഞാന്‍ ഒന്നിനും പോകുന്നില്ല. ഞാന്‍ വീണ്ടും പറയുന്നു, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് നിര്‍ത്തി വയ്ക്കുക. അല്ലെങ്കില്‍ എന്നെ തിരിച്ചെടുക്കുക.

സൂപ്പര്‍താരത്തിന്റെ വിക്രിയകള്‍

എന്താണ് ഇവിടെ നടക്കുന്നത്. നിങ്ങള്‍ തിയറ്ററിലേക്കു പോയി നോക്കൂ. മിക്ക തിയറ്ററുകളിലും ബാല്‍ക്കണിയില്‍ ഇരിക്കാന്‍ ആളു കാണില്ല. പക്ഷേ, ടിക്കറ്റു മുഴുവന്‍ ഒരു സൂപ്പര്‍ താരത്തിന്റെ ഫാന്‍സ് ക്‌ളബുകാര്‍ ബുക്കു ചെയ്തിട്ടുണ്ടാവും. ഒന്നരക്കോടി പ്രതിഫലം വാങ്ങുന്ന ഈ മഹാന്‍ അതില്‍ 25 ലക്ഷത്തോളം മുടക്കി ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് ബാല്‍ക്കണി ടിക്കറ്റുകള്‍ വിലയ്ക്കു വാങ്ങിയാലും നഷ്ടമില്ല.

മലയാളത്തിലെ ഈ സൂപ്പര്‍ താരം വിചാരിക്കുന്നത് അയാളാണ് മലയാള സിനിമയെന്നാണ്. ഒന്നരക്കോടി പ്രതിഫലം വാങ്ങിക്കുന്ന ഒരു സൂപ്പര്‍താരം അയാളുടെ തന്നെ ചിത്രത്തിലെ പുതുമുഖങ്ങളെ കൂവിതോല്‍പ്പിക്കുകയാണ്. ഇത് കലയല്ല. കച്ചവടമാണ്.

(മീശമാധവനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഞാന്‍ ശത്രുവാണ്. പക്ഷേ, അയാളെ മകനെപ്പോലെയാണ് ഞാന്‍ കാണുന്നതെന്ന് അഭിമുഖത്തിന്റെ തുടക്കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു.)


മമ്മൂട്ടിക്കു പിന്നില്‍ കൈയുംകെട്ടി നില്ക്കുന്നയാള്‍

തിലകനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അമ്മയില്‍ മുന്‍പ് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ശ്രീരാമനാണ് പ്രമേയം അവതരിപ്പിച്ചത്. ശ്രീരാമനെ അറിയില്ലേ. മമ്മൂട്ടി ചിത്രങ്ങളില്‍ മമ്മൂട്ടിക്കു പിന്നില്‍ ഒന്നും ചെയ്യാനില്ലാതെ കൈയുംകെട്ടി നില്‍ക്കുന്നയാള്‍.

മോഹന്‍ലാല്‍ ചിത്രങ്ങളിലും ഈ അവസ്ഥയുണ്ട്. ഞങ്ങള്‍ അടുത്തയിടെ ഒരു ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്ള ഒരു സീനില്‍ ആരെങ്കിലും വെറുതെ നില്‍ക്കുന്നയാന്നുണ്ടങ്കില്‍ അദ്ദേഹം അക്കാര്യം സംവിധായകനോടു ചൂണ്ടിക്കാട്ടും. കാരണം മോഹന്‍ലാല്‍ ഒരു യഥാര്‍ത്ഥ കലാകാരനാണ്.

ഞാന്‍ അഭിനയിക്കാതിരുന്നാല്‍ വിഷമിക്കുന്ന പ്രേക്ഷകരുണ്ട്. പ്രേക്ഷകരാണ് എന്റെ ആയുധം. തീര്‍ച്ചയായും എനിക്കെതിരെയുള്ള ഈ നെറികേടിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കണം. നിങ്ങള്‍ക്കേ പ്രതികരിക്കാനാവൂ.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites