Monday, May 31, 2010

മാനസികാരോഗ്യത്തിന് പത്രം വായിക്കരുത്


ഇന്നലെ ഞാന്‍ ടിവി കണ്ടില്ല, ഇന്നിറങ്ങിയ പത്രവും കണ്ടില്ല. രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന പത്രം വീട്ടില്‍ ആരെങ്കിലും ഉണരുന്നതിനു മുമ്പേ എടുത്തുകൊണ്ടുപോയി കളഞ്ഞു. വഴിവക്കില്‍ കങ്കാരുവിന്‍റെ ഷേപ്പിലുള്ള ചവറ്റുകൊട്ടയിലേക്കിടുമ്പോള്‍ ഒന്നാം പേജിലേക്ക് വെറുതെ ഒന്നു നോക്കി- ഭയപ്പെട്ടതുപോലെ തന്നെ കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം, ഭീമാകാരമായ തലക്കെട്ടുകള്‍. തിരിഞ്ഞുനോക്കാതെ പത്രത്തിന്‍റെ അടുത്തു നിന്ന് ഞാന്‍ വേഗം രക്ഷപെട്ടു. ഇത് എത്ര പേര്‍ വിശ്വസിക്കും എന്നെനിക്കറിയില്ല. വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല.

ചാനലുകാരെയും മാധ്യമപ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നത് ‍ഞാന്‍ നിര്‍ത്തി. പാലോളി സഖാവ് പറഞ്ഞതുപോലെ അവര്‍ പിറവിയില്‍ പിഴവു പറ്റിയവരാണെന്നോ ഒരിക്കലും നന്നാവുകയില്ലെന്നോ എനിക്കഭിപ്രായമില്ല. നന്നാവാന്‍ തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഇനമാണ് മാധ്യമപ്രവര്‍ത്തകര്‍. ഇക്കാര്യത്തിലും ഇന്നല്ലെങ്കില്‍ നാളെ അവര്‍ നന്നാവും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

എനക്കറിയാവുന്ന പല സുഹൃത്തുക്കളും ഓരോ ദുരന്തവും കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നത് ആ ദുരന്തത്തെപ്പറ്റിയോ അതില്‍പ്പെട്ട് വേദനിക്കുന്ന കുടുംബങ്ങളെപ്പറ്റിയോ എന്നതിനെക്കാള്‍ ടിവിയിലും പിറ്റേന്നത്തെ പത്രങ്ങളിലും അതിന്‍റെ വിശേഷങ്ങള്‍ വായിച്ചും കണ്ടും മാനസികനിലപോലും തകരാറിലാകുമല്ലോ എന്നോര്‍ത്താണ്.മംഗലാപുരം ദുരന്തത്തില്‍ ഈ രണ്ടു മാധ്യമങ്ങളും ഞാന്‍ ഒഴിവാക്കി. ഇന്നലെ ഇതാശ്രയിച്ചവര്‍ പലരും ഇന്നു ഡിപ്രഷനിലാണ്. ഇന്നലെ ടിവി കാണുകയും ഇന്ന് പത്രം വായിക്കുകയും ചെയ്തതിന്‍റെ ഫലമായി ജീവിതത്തെപ്പറ്റി നിരാശയും അകാരണമായ ഭീതിയും ബാധിച്ച എന്‍റെ സുഹൃത്തുക്കളെ ഞാന്‍ മാധ്യമലോകത്തിനു സമര്‍പ്പിക്കുന്നു. ഇതൊക്കെ കാണാനും വായിക്കാനും ആരെങ്കിലും നിര്‍ബന്ധിച്ചോ എന്നു ചോദിക്കാം. ഞാന്‍ മാത്രമല്ല, എന്നെപ്പോലെ പലരും ദുരന്തങ്ങളുടെ പിറ്റേന്ന് പത്രം വായിക്കേണ്ട എന്നു തീരുമാനിച്ചു കഴിഞ്ഞു.അതിരുവിട്ട വര്‍ണനയും ബീഭത്സമായ ചിത്രങ്ങളും നിങ്ങള്‍ ഒഴിവാക്കുന്നോ അതോ വായനക്കാരും പ്രേക്ഷകരും നിങ്ങളെ എന്നെന്നേക്കുമായി ഒഴിവാക്കണോ എന്നതാണ് ചോദ്യം.

മാധ്യമപ്രവര്‍ത്തനത്തില്‍ ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി എന്നൊരു വിഭാഗമുണ്ടെന്നു കേള്‍ക്കുന്നു. അപകടങ്ങളുടെ വര്‍ണനയും മൃതദേഹങ്ങളുടെയും കരയുന്ന ബന്ധുക്കളുടെ ചിത്രവുമൊക്കെ അതിലാണ് പെടുന്നതത്രേ. അതില്‍ എന്തു ഹ്യൂമന്‍ ഇന്‍ററസ്റ്റാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.സഹജീവികളുടെ കണ്ണീരും ദുരന്തവും കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യരാണോ ലോകത്തുള്ളത് എന്നു മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ടോ ? ഇന്നലെ ചാനലുകളും ഇന്ന് പത്രങ്ങളും വല്ലാതെ ഒരു അഭിനിവേശത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

വിമാനദുരന്തവാര്‍ത്ത കേട്ടപ്പോഴും അഞ്ചു മിനിട്ട് ടിവി കണ്ടപ്പോഴേ കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല എന്നു മനസ്സിലായി. കരിഞ്ഞ മൃതദേഹങ്ങളുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്ന് എനിക്കു മനസ്സിലാവുന്നില്ല. സ്ത്രീകളും കുട്ടികളും രോഗികളുമൊക്കെയുള്ള ഒരു സമൂഹത്തെ ഇത് കാണാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ് ? ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക (അവര്‍ ഒരു സ്ത്രീയാണ്) അപകടത്തില്‍ നിന്നു രക്ഷപെട്ടയാളോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതാണ്- നിങ്ങള്‍ വിമാനത്തില്‍ നിന്നു ചാടുമ്പോള്‍ മറ്റു യാത്രക്കാര്‍ മരണവെപ്രാളത്തില്‍ പിടയുന്നത് കാണാമായിരുന്നോ ?

എന്താണ് അവര്‍ ആ ചോദ്യം കൊണ്ടുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഇത്തരം വൈകൃതങ്ങള്‍ ഉള്ളില്‍ പേറുന്നവരെ വാര്‍ത്താ അവതരണത്തിനിരുത്തുന്നത് മനുഷ്യത്വരഹിതമാണ് എന്നാണെന്‍റെ അഭിപ്രായം. എന്തായാലും ആ ചോദ്യത്തിനുത്തരം കേള്‍ക്കും മുമ്പേ ഞാന്‍ ടിവി ഓഫ് ചെയ്തു.ഇന്നലെ ബീഭത്സമായ രംഗങ്ങള്‍ മാസ്ക് ചെയ്യാനുള്ള മാനുഷികപരിഗണന കാണിച്ചത് ഇന്ത്യാവിഷന്‍ മാത്രമാണ്.എങ്കിലും വിവരണത്തിലും വിശകലനങ്ങളിലും ആരും പിന്നില്‍ പോയില്ല.ഒരു സമൂഹത്തെ ക്രിയാത്മകമായി എങ്ങനെ പിന്തുണയ്‍ക്കാം എന്നതിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലും മാര്‍ക്കറ്റ് ചെയ്യുന്ന സംസ്കാരം ഇതില്‍ വല്ലാത്ത കമ്പമുള്ള ഒരു സംഘം മനോരോഗികളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.നടുറോഡില്‍ ഒരുത്തന്‍ വാഹനമിടിച്ചു വീണാലും പിടിഞ്ഞു പിടഞ്ഞു മരിക്കുന്നത് കാണാന്‍ വട്ടം കൂടി നില്‍ക്കുന്നത് ചാനലുകളുടെ ഈ ട്രെയിനിങ്ങിന്‍റെ ഭാഗമാണ്. ആളുകളെ രക്ഷിക്കാത്തത് പോലീസിനെ പേടിച്ചാണ് എന്നത് ഒരു മുടന്തന്‍ ന്യായമാണ്. ആളുകളെ രക്ഷിക്കുന്നതിലല്ല, ഒരുത്തന്‍ പിടഞ്ഞു ചാകുന്നത് കാണുന്നതിലാണ് രസം !

മംഗലാപുരം വിമാനാപകടത്തില്‍ നിന്ന് മാനുഷ്യജീവിയെന്ന നിലയില്‍ നമുക്ക് പഠിക്കാവുന്ന പാഠം സിംപിളാണ്- ജീവിതം ക്ഷണികമാണ്. എപ്പോഴാണ് കട്ടപ്പൊകയാവുന്നത് എന്നത് പറയാന്‍ പറ്റില്ല. ഇതത്ര പുതുമയുള്ള പാഠമല്ല. പിന്നെയുള്ളതൊക്കെ മാധ്യമങ്ങളുടെ വകതിരിവിന്‍റെ ഭാഗമാണ്.

പ്രൈവസിയെപ്പറ്റി വളരെ ബോധവന്‍മാരായ നമ്മള്‍ മരിച്ചവര്‍ക്കു മാത്രം അത് അനുവദിക്കുന്നില്ല എന്നു വരുമ്പോള്‍ നാം അനുഷ്ഠിക്കുന്ന സംസ്കാരവും പുലര്‍ത്തുന്നതായി ഭാവിക്കുന്ന മാന്യതയും മനുഷ്യത്വവും അര്‍ഥശൂന്യമായില്ലേ ? കത്തിക്കരിഞ്ഞ മൃതദേഹത്തിനും അതിനു മുമ്പ് ജീവനുണ്ടായിരുന്നു എന്നതും ആ മൃതദേഹവും ഒരു വ്യക്തിയെ പ്രതിനീധീകരിക്കുന്നു എന്നതും നമ്മള്‍ മറക്കുന്നു. ഒരു വ്യക്തിയെ അയാളുടെ അനുവാദം കൂടാതെ നന്ഗനായി ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്നു വിശ്വസിക്കുന്ന സംസ്കാരത്തില്‍ അതേ വ്യക്തിയെ നഗ്നനായോ അല്ലാതെയോ ജീവനില്ലാത്ത അവസ്ഥയില്‍ എങ്ങനെയും പ്രദര്‍ശിപ്പിക്കാം എന്നു കൂടി വരുമ്പോള്‍ ആ സംസ്കാരം എത്ര നികൃഷ്ടമായി മാറുന്നു എന്നതോര്‍ക്കണം.

മാധ്യമങ്ങളുടെ കാര്യം പോട്ടെ, ഇനിയങ്ങോട്ട് ശരിക്കും മനോരോഗികള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ബീഭത്സരംഗങ്ങല്‍ ബ്ലൂടൂത്ത് വഴിയെത്തും. മാന്യമായി വേഷം ധരിച്ച കയ്യില്‍ വിലകൂടിയ ഫോണുള്ള ഇത്തരക്കാര്‍ രോഗികളാണെന്ന് പെട്ടെന്ന് അംഗീകരിക്കാന്‍ നമുക്കാവില്ലെങ്കിലും അവരുടെ വൈകൃതം നമ്മള്‍ ഏറ്റെടുക്കണം എന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദുരന്തവും അതിനെക്കാള്‍ വലിയ സാമൂഹികദുരന്തങ്ങള്‍ക്കു വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

അപകടസ്ഥലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഇവിടെ അത്തരക്കാരെ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമുക്കെല്ലാം ഒരു തരം കലയാണ്.കടുത്ത മനോരോഗികളോട് അളിയാ നി ഒരു സംഭവമാണ് എന്നു നമ്മള്‍ പറയുന്നു. പത്രമോ ചാനലോ, മുകളില്‍ പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള സിറ്റിസണ്‍ ജേണലിസ്റ്റോ ആരുമാകട്ടെ, നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന കലാസൃഷ്ടികള്‍ ജീവിതത്തിലേക്കു തള്ളിക്കയറ്റി വിടുമ്പോള്‍ സഹോദരാ നിനക്കു ചികില്‍സ ആവശ്യമാണ് എന്നിനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ഇനിയങ്ങോട്ടുള്ള ജീവിതവും ഇതുപോലെ അസ്വസ്ഥമായി തന്നെ തുടരും.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites