Monday, May 31, 2010

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?

ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?

? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?

? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?

രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.

ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.

ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-

“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “

ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.

ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.

ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.

ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites