Saturday, May 29, 2010

HIV +ve കംപ്യൂട്ടര്‍ !



എച്ച്ഐവി സാമാന്യം നല്ല ഒരു വൈറസാണ്. വൃത്തികേടു കാണിക്കുന്ന മനുഷ്യര്‍ക്കാണ് അതു പിടിക്കുന്നതെന്നും അതല്ല നിഷ്കളങ്കരായ പാവങ്ങള്‍ക്കും പിടിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നു. എന്തായാലും പിടിച്ചു കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. കംപ്യൂട്ടര്‍ വൈറസുകളുടെ കാര്യവും ഇങ്ങനൊക്കെ തന്നെ. ഫയര്‍വാളും ആന്റിവൈറസുമൊക്കെ വച്ച് ധാര്‍മികമായി ഉപയോഗിച്ചാല്‍ ജീവിച്ചു പോകാം. കയ്യില്‍ കിട്ടുന്ന ലിങ്കിലൊക്കെ ക്ളിക്ക് ചെയ്താല്‍ എച്ച്ഐവിയെക്കാള്‍ ഭീകരമായ വൈറസുകള്‍ ആക്രമിക്കും. പിന്നെ സിസ്റ്റം ആക്രിക്കച്ചവടക്കാര്‍ക്കു കൊടുത്താല്‍ മതി. കംപ്യൂട്ടറില്‍ നമ്മളൊക്കെ കാണുന്നതും ചെയ്യുന്നതുമൊക്കെ വച്ചുനോക്കിയാല്‍ സിസ്റ്റം നാലോ പത്തോ അന്‍പതോ തവണ എച്ച്ഐവി ബാധിക്കേണ്ട കാലം കഴിഞ്ഞു.

ആകെയുള്ള ഒരു സമാധാനം കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെയോ മനുഷ്യവൈറസ് കംപ്യൂട്ടറിനെയോ പിടിക്കില്ല എന്നതാണ്. എന്നാല്‍ ആ സമാധാനവും ഇതോടെ അവസാനിക്കുകയാണ്. കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യത്തെ മനുഷ്യന്‍ (വെറും മനുഷ്യനല്ല ശാസ്ത്രജ്ഞന്‍) തന്റെ ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന കംപ്യൂട്ടര്‍ വൈറസുമായി ജീവിക്കുന്നു, കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെ ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ലോകമെങ്ങും ചുറ്റി നടന്ന് ക്ളാസ്സുകളെടുക്കുന്നു.

മനുഷ്യനെ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുക എന്നു പറയുമ്പോള്‍ പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുക എന്നതുപോലെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. എന്നാല്‍ പുരുഷന്‍മാര്‍ ലോകത്ത് ഗര്‍ഭം ധരിച്ചിട്ടുമുണ്ട്. ഗര്‍ഭത്തിനാവശ്യമായ സംഗതികള്‍ പുരുഷന്റെ ശരീരത്തില്‍ ഘടിപ്പിച്ചശേഷമാണ് കാര്യം സാധിക്കുന്നത്. കംപ്യൂട്ടര്‍ വൈറസിന്റെ കാര്യവും അതുപോലെ തന്നെ. വൈറസിനു ബാധിക്കാന്‍ പറ്റിയ തരത്തിലുള്ള കംപ്യൂട്ടര്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ കംപ്യൂട്ടര്‍ വൈറസുകള്‍ക്കും പുല്ലുപോലെ കേറാം എന്നു ചുരുക്കം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ശാസ്ത്രജ്ഞനായ (റിസര്‍ച്ച് ഫെലോ എന്നു കാണുന്നു) ഡോ.മാര്‍ക് ഗാസ്സനാണ് കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യമനുഷ്യന്‍. ഗാസ്സന്റെ കയ്യില്‍ ഇംപ്ളാന്റ് ചെയ്തിരുന്ന ഐഡി ചിപ്പിനെയാണ് വൈറസ് ബാധിച്ചത്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി നമ്മള്‍ ഇവിടെ ഉപയോഗിക്കുന്ന മൈക്രോചിപ്പിന്റെ പരിഷ്കരിച്ച വേര്‍ഷനാണ് ഗാസ്സന്‍ ഉപയോഗിച്ചിരുന്ന ഐഡി ചിപ്പ്.

വയര്‍ലെസ് കണക്ടിവിറ്റിയുള്ള ഉപകരണങ്ങളിലേക്കു സ്വയംപ്രവഹിക്കാന്‍ ശേഷിയുള്ള വൈറസാണ് ഗാസ്സന്റെ ചിപ്പിന്റെ പണി മുടക്കിയത്. മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുതല്‍ ഓഫിസില്‍ പഞ്ച് ചെയ്യുന്നതിനു വരെ നൂറു കൂട്ടം ആവശ്യങ്ങള്‍ക്കായി ഗാസ്സന്‍ ഉപയോഗിച്ചിരുന്നത് കയ്ക്കുള്ളില്‍ ഓപ്പറേഷന്‍ നടത്തി വച്ചിരുന്ന ഈ ചിപ് ആണ്. ചിപ് പണി മുടക്കിയതോടെ ഗാസ്സന് പണി കിട്ടി. എന്നാല്‍ നിങ്ങള്‍ എന്നെക്കുറിച്ചല്ല, നിങ്ങളേയും നിങ്ങളുടെ പരിചയക്കാരെയും ഓര്‍ത്തു വിലപിക്കുവിന്‍ എന്നാണ് ഗാസ്സന്‍ പറയുന്നത്. കാരണം, ഇതൊരു വെറും ഐഡി ചിപ് മാത്രം. ആരോഗ്യമേഖലയില്‍ ഇത്തരത്തിലുള്ള ചിപുകളുടെയും ഇംപ്ളാന്റുകളുടെയും ഉപയോഗം വര്‍ധിക്കുകയും അത്തരം സങ്കേതങ്ങളുടെ പുറത്തു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ആയിരങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുമ്പോള്‍ വൈറസ് അങ്ങേയറ്റം അപകടകരമായ വെല്ലുവിളിയായി മാറുന്നു.

ഗാസ്സന്‍ പറയുന്നതനുസരിച്ച് ഹൃദ്രോഗികള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ്മേക്കറുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഭാവിയില്‍ ഇതിന്റെ തുടര്‍ച്ചയായി വന്നേക്കാം. സഹൃദരായ ആളുകള്‍ ഇനിയങ്ങോട്ട് ഹാര്‍ട്ട് അറ്റാക്കിനെ മാത്രമല്ല ട്രോജന്‍ അറ്റാക്കിനെയും പേടിക്കേണ്ടി വരുമെന്നു ചുരുക്കം. ആളുകളെ പേടിപ്പിക്കുകയല്ല, ശാസ്ത്രലോകത്തിന് ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ഗാസന്റെ ലക്ഷ്യം.യുഎസില്‍ മെഡിക്കല്‍ അലേര്‍ട്ട് ബ്രേസ്ലെറ്റുകള്‍ വളരെ വ്യാപകമാണ്. ആളിന്റെ ബിപിയും പള്‍സുമൊക്കെ നിരീക്ഷിച്ച് സന്ദേശം നല്‍കുന്ന ഇത്തരം ഉപകരണങ്ങളെയൊക്കെ വൈറസ് പെട്ടെന്നു പിടികൂടുമത്രേ. കയ്യില്‍ വൈറസുമായി കഴിയുന്ന ഗാസ്സന്‍ തന്റെ കയ്യിലുള്ള വൈറസിന് ചിപ്പിന്റെ പരിധിയില്‍ വരുന്ന ഉപകരണങ്ങളെ തകരാറിലാക്കാന്‍ ശേഷിയുണ്ടോ എന്നു പരിശോധിക്കുകയാണ് പിന്നെ ചെയ്തത്. പരീക്ഷണത്തില്‍ വൈറസ് ജയിച്ചു, ശാസ്ത്രജ്ഞന്‍ തോറ്റു: ഗാസ്സന്റെ കംപ്യൂട്ടറിലും വൈറസ് ബാധിച്ചു. ഇതെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹമുള്ളവര്‍ക്ക് ഡോ.മാര്‍ക് ഗാസ്സനുമായി നേരിട്ടു ബന്ധപ്പെടാം. Link ഗാസ്സന്റെ ഒരു ചെറിയ ക്ളാസ്സ് ഇവിടെ കാണാം:-

എച്ച്ഐവി പോലെ തന്നെ അപകടരമായ നിലയിലേക്ക് ഇത്തരം വൈറസുകള്‍ പുരോഗതി പ്രാപിച്ചാല്‍ മൈക്രോചിപ്പ് വച്ച് നമ്മള്‍ അയച്ചിട്ടുള്ള ആനകള്‍ മുതല്‍ ശരീരത്തില്‍ പലയിടത്തായി പലതരം ചിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സാക്ഷാല്‍ ജയിംസ് ബോണ്ട് വരെ പ്രതിസന്ധിയിലാവും. എന്തിനു ഏതിനും പരിഹാരം കാണുന്ന ശാസ്ത്രഞ്ജര്‍ ഇതിനെ നേരിടാന്‍ ശരീരത്തില്‍ ഓരോ ആന്റിവൈറസ് സിഡിയും സിഡി ഡ്രൈവും കൂടി ഘടിപ്പിക്കണമെന്നു പറയാതിരുന്നാല്‍ മതിയായിരുന്നു. ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.

0 അഭിപ്രായ(ങ്ങള്‍):

Share

Twitter Delicious Facebook Digg Stumbleupon Favorites